കല്‍പ്പറ്റ: വയനാട് തിരുനെല്ലിയില്‍ ഭക്ഷ്യ കിറ്റുകള്‍ കണ്ടെത്തിയതില്‍ പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച കിറ്റുകള്‍ പിടികൂടിയതിലാണ് നടപടി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ് ശശികുമാറിനെതിരെയാണ് കേസെടുത്തത്.കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവാണ് ശശികുമാര്‍.
വയനാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ഉള്‍പ്പടെ ചിത്രങ്ങള്‍ പതിച്ച കിറ്റുകളായിരുന്നു പിടിച്ചെടുത്തത്. 38 കിറ്റുകള്‍ പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ കേസെടുക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു.
തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡാണ് കിറ്റുകള്‍ പിടിച്ചെടുത്തത്. ശശികുമാറിന്റെ വീടിന്റെ പരിസരത്തുനിന്നായിരുന്നു കിറ്റുകള്‍ കണ്ടെത്തിയത്. ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളുമാണ് കിറ്റിലുണ്ടായിരുന്നത്.
കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ള ദുരന്തബാധിതര്‍ക്കു വിതരണം ചെയ്യാന്‍ വേണ്ടി രണ്ടു മാസം മുന്‍പ് എത്തിച്ചതാണ് കിറ്റുകളെന്നാണ് കോണ്‍ഗ്രസ് വിശദീകരണം.

