കല്പറ്റ: നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമാണ് വഖഫ് എന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി.വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തിലായിരുന്നു പ്രസ്താവന.
ആ ബോര്‍ഡിന്റെ പേര് താന്‍ പറയില്ല. ഭാരതത്തില്‍ ആ കിരാതത്തെ ഒതുക്കിയിരിക്കും. അമിത് ഷാ അയച്ച ഒരു വീഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കുമെന്നും വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സുരേഷ് ഗോപി പറഞ്ഞു.
മുനമ്പത്തേത് മണിപ്പൂരിന് സമാനമായ സ്ഥിതിയാണ്. മണിപ്പൂര്‍ പൊക്കിനടന്നവരെ ഇപ്പോള്‍ കാണാനില്ല. മുനമ്പത്തേത് നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണനും ഇതേ വേദിയില്‍ വെച്ച് വഖഫ് വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു. 18ാം പടിക്ക് താഴെ ഇരിക്കുന്ന വാവര് താന്‍ ഇത് വഖഫിന് കൊടുത്തുവെന്ന് പറഞ്ഞാല്‍ ശബരിമല വഖഫിന്റെതാകും.
അയ്യപ്പന് ശബരിമലയില്‍ നിന്ന് ഇറങ്ങിപ്പോവേണ്ടി വരും. വേളാങ്കണ്ണി പള്ളി ഉള്‍പ്പെടെ അന്യാധീനപ്പെട്ടു പോകാതെ ഇരിക്കണമെങ്കില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.

