ഡല്‍ഹി: ബലാത്സംഗക്കേസില്‍ പൊലീസിനും സര്‍ക്കാറിനുമെതിരെ നടന് സിദ്ദിഖ് സുപ്രീംകോടതിയില്‍. പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ പൊലീസ് പറയുകയാണെന്ന് സിദ്ദിഖ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.
പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥന് പറയുന്നത്. ന്യായത്തിന്റെയും, നിക്ഷപക്ഷതയുടെയും അതിര്‍വരമ്പുകള്‍ അന്വേഷണ ഉദ്യോഗസ്ഥന് മറികടന്നു എന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ നടന് സിദ്ദിഖ് ആരോപിച്ചു. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം.
പരാതി നല്കാന് എട്ട് വര്‍ഷം എന്ത് കൊണ്ട് വൈകിയെന്ന് സംസ്ഥാന സര്‍ക്കാരിനോടും പരാതിക്കാരിയോടും സുപ്രീം കോടതി നേരത്തെ ആരാഞ്ഞിരുന്നു. ഇതിന് കൃത്യമായ ഒരു വിശദീകരണം നല്കാന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആകുന്നില്ലെന്ന് സിദ്ദിഖ് ആരോപിക്കുന്നു. പരാതി നല്കിയ വ്യക്തി 2019 ലും 2020 ലും ഫേസ്ബുക്കില്‍ അധിക്ഷേപകരമായ പോസ്റ്റുകളിലിട്ടിരുന്നു. എന്നാല്‍ ആ പോസ്റ്റുകളില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ അല്ല ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയാത്തത് എന്ത് കൊണ്ടാണെന്നും സിദ്ദിഖ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ ആരാഞ്ഞിട്ടുണ്ട്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും പൊലീസ് ഇല്ലാക്കഥകള്‍ മെനയുന്നെന്നും സിദ്ദിഖ് ആരോപിക്കുന്നു
