സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടരുന്ന അധിക്ഷേപവും വിരട്ടലും അങ്ങേയറ്റം അപലപനീയം ; കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടരുന്ന അധിക്ഷേപവും വിരട്ടലും അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പറഞ്ഞു.കഴിഞ്ഞദിവസം ചോദ്യം ചോദിച്ച 24 ന്യൂസ് റിപ്പോര്‍ട്ടര്‍ അലക്സ് റാം മുഹമ്മദിനെ റൂമില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് കെ.യു.ഡബ്ല്യു.ജെയുടെ വിമര്‍ശനം.

സിനിമയില്‍ പണ്ട് കൈയ്യടി നേടിയ സൂപ്പര്‍ ഹീറോയുടെ കെട്ട് മാറാതെയുള്ള ധാര്‍ഷ്ട്യവും ഭീഷണിയും മാധ്യമപ്രവര്‍ത്തകരോട് വേണ്ട എന്നും കെ.യു.ഡബ്ല്യു.ജെ സഹമന്ത്രിക്ക് താകീത് നല്‍കി.കേന്ദ്ര സഹമന്ത്രി എന്നല്ല, സാധാരണ മനുഷ്യരുടെ ഭാഗത്തുനിന്ന് പോലും ഉണ്ടാകാന്‍ പാടില്ലാത്ത ഹീനമായ പെരുമാറ്റമാണ് സുരേഷ് ഗോപി തുടരുന്നതെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടി.

മാന്യമായ രാഷ്ട്രീയമെന്ന പൊതുബോധം അല്‍പ്പമെങ്കിലും ബാക്കി നില്‍ക്കുന്നുവെങ്കില്‍ കേരളത്തിലെ പൊതു സമൂഹത്തോട് സുരേഷ് ഗോപി മാപ്പ് പറയണമെന്നും കെ.യു.ഡബ്ല്യു.ജെ ആവശ്യപ്പെട്ടു.സ്വന്തം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്റെ നിന്ദ്യമായ സമീപനം തിരുത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി കേന്ദ്ര നേതൃത്വവും തയ്യാറാവണംമെന്നും കെ.യു.ഡബ്ല്യു.ജെ പറഞ്ഞു.

അപഹാസ്യമായ ഈ നടന രാഷ്ട്രീയത്തിന് അറുതിവരുത്താന്‍ മാധ്യമ മാനേജ്‌മെന്റുകളും മുന്നിട്ടിറങ്ങി ശ്രമിക്കണമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ.പി. റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.കേന്ദ്ര സഹമന്ത്രിയുടെ മോശപ്പെട്ട സമീപനത്തിനെതിരെ ചൊവ്വാഴ്ച പ്രതിഷേധ ദിനം ആചരിക്കുമെന്നും കെ.യു.ഡബ്ല്യു.ജെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *