ആലപ്പുഴ: വീട്ടില്‍ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു. പുന്നപ്ര തൂക്കുകുളത്താണ് മോഷണം. മോഷണം നടത്തിയ മുഖംമൂടി സംഘത്തിന്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതോടെ, കുറുവ സംഘമാണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തൂക്കുകുളം സ്വദേശിയായ മനോഹരന്റെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്നാണ് സംഘം അകത്തുകയറിയത്. അമ്മയുടെ ഒന്നരപ്പവന്‍ മാലയും കുഞ്ഞിന്റെ അരപ്പവന്റെ മാലയുമാണ് മോഷ്ടിച്ചത്. പുന്നപ്ര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി മോഷണം നടക്കുകയാണ്. മണ്ണഞ്ചേരി പഞ്ചായത്തില്‍ നാലിടങ്ങളില്‍ ഒരേ രാത്രി മോഷണം നടന്നിരുന്നു. ഇതിനുപിന്നാലെയാണ് പുന്നപ്രയിലും മോഷണം നടന്നത്.
