പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയുടെ പരാമര്‍ശം പൊളിറ്റിക്കല്‍ അറ്റാക്ക് അല്ല, ഉള്ളിലെ സംഘി പുറത്തേക്ക് വരുന്നതാണ് ;രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പാണക്കാട് തങ്ങള്‍ക്കെതിരെ പിണറായിയുടെ പരാമര്‍ശം പൊളിറ്റിക്കല്‍ അറ്റാക്ക് അല്ല, ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്തേക്ക് വരുന്നതാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണെന്നായിരുന്നു പിണറായി പാലക്കാട് പറഞ്ഞത്. പിആര്‍ ഏജന്‍സികള്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന പിണറായി വിജയനിലെ സംഘി ഇടക്ക് പുറത്തേക്ക് വരുകയാണെന്നും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറയേണ്ട രീതിയിലുള്ള പ്രതികരണമാണ് പിണറായി പറഞ്ഞതെന്നും രാഹുല്‍ പറഞ്ഞു. സുരേന്ദ്രന് സംസാരിക്കാന്‍ പിണറായി അവസരം ഇല്ലാതാക്കിയെന്നും രാഹുല്‍ പരിഹസിച്ചു.

സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. നേരത്തേയുള്ള തങ്ങള്‍ എല്ലാവരാലും ആദരിക്കപ്പെട്ടയാളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *