നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം: ഇന്ന് സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും

പത്തനംതിട്ട: നഴ്സിങ് വിദ്യാര്‍ഥിനി ഹോസ്റ്റലിന് മുകളില്‍ നിന്ന് വീണുമരിച്ച സംഭവത്തില്‍ ഇന്ന് സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും. ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനിലെ നാലാംവര്‍ഷ വിദ്യാര്‍ഥി തിരുവനന്തപുരം അയിരൂപാറ രാമപുരത്ത്ചിറ ശിവപുരം വീട്ടില്‍ അമ്മു എ സജീവ് (22) ആണ് വെള്ളിയാഴ്ച രാത്രി ഏഴോടെ താഴേവെട്ടിപ്പുറത്തുള്ള സ്വകാര്യ വനിതാ ഹോസ്റ്റലിന്റെ മുകളില്‍നിന്ന് വീണത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.

കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഇന്ന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ പ്രഫ.എന്‍ അബ്ദുല്‍ സലാം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സഹപാഠികളില്‍നിന്ന് മാനസിക പീഡനം നേരിടുന്നുവെന്നാരോപിച്ച് ഒരാഴ്ചമുമ്പ് അമ്മുവിന്റെ അച്ഛന്‍ സജീവ് പ്രിന്‍സിപ്പലിന് ഇ-മെയിലിലൂടെ പരാതി നല്‍കിയിരുന്നു.

അമ്മു ഒരിക്കലും ആത്മഹത്യചെയ്യില്ലായെന്നും സഹപാഠികള്‍ അപായപ്പെടുത്തിയതാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

മരിച്ച അമ്മു സജീവന് സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികളില്‍ നിന്ന് കടുത്ത മാനസിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നുവെന്നാണ് ആരോപണം. ക്ലാസിലും ഹോസ്റ്റല്‍ മുറിയിലും നിരന്തരം മൂവര്‍ സംഘം ശല്യമുണ്ടാക്കി. അമ്മുവിനെ ടൂര്‍ കോഡിനേറ്ററാക്കിയതും മൂവര്‍ സംഘം എതിര്‍ത്തു. ഈ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മകളുടെ മരണത്തില്‍ ദുരൂഹത അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *