ഉള്ളാള്‍ റിസോര്‍ട്ട് സ്വിമ്മിങ് പൂളില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു:റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

മംഗളൂരു: ഉള്ളാള്‍ ഉച്ചില സോമേശ്വരയിലെ വാസ്‌കൊ റിസോര്‍ട്ട് സ്വിമ്മിങ് പൂളില്‍ ഞായറാഴ്ച മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു. മൈസൂരു കുറുബരഹള്ളി നാലാം ക്രോസിലെ എം.ഡി. നിഷിദ (21), മൈസൂരു കെ.ആര്‍. മൊഹല്ല രാമാനുജ റോഡിലെ എന്‍. കീര്‍ത്തന (21) മൈസൂരു ദേവരാജ മൊഹല്ല വിജയനഗറിലെ എസ്. പാര്‍വതി (20) എന്നിവരാണ് മരിച്ചത്.

സംഭവത്തില്‍ റിസോര്‍ട്ട് ഉടമ അറസ്റ്റില്‍. വാസ്‌കോ ബീച്ച് റിസോര്‍ട്ട് ഉടമ മനോഹര്‍ പുത്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റിസോര്‍ട്ടിന്റെ ട്രേഡ് ലൈസന്‍സും ടൂറിസം പെര്‍മിറ്റും സസ്പെന്‍ഡ് ചെയ്തു.

നീന്തല്‍കുളത്തില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ റിസോര്‍ട്ട് അവഗണിച്ചതാണ് അപകടത്തിന് കാരണം. സ്ഥലത്ത് ലൈഫ് ഗാര്‍ഡുകളുണ്ടായിരുന്നില്ല. കുളത്തിന്റെ ആഴം സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നില്ല.

ശനിയാഴ്ച രാവിലെയാണ് മൂവരും റിസോര്‍ട്ടില്‍ എത്തിയത്. രണ്ടാം നമ്പര്‍ മുറിയില്‍ താമസിച്ച യുവതികള്‍ ഞായറാഴ്ച രാവിലെ പത്തോടെ പൂളില്‍ ഇറങ്ങുകയായിരുന്നു. ഒരാള്‍ മുങ്ങിപ്പോയതിന് പിന്നാലെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റു രണ്ടുപേരും മുങ്ങിപ്പോവുകയായിരുന്നു. മൂന്ന് യുവതികള്‍ക്കും നീന്തല്‍ അറിയില്ലായിരുന്നെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ഉള്ളാള്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എച്ച്.എന്‍. ബാലകൃഷ്ണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *