നഴ്സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

പത്തനംതിട്ട: നഴ്സിങ് വിദ്യാര്‍ഥിയുടെ മരണത്തില്‍ അന്വേഷണത്തിനു നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ സര്‍വകലാശാലയ്ക്കാണു മന്ത്രിയുടെ നിര്‍ദേശം. വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ പത്തനംതിട്ട പൊലീസ് സ്ഥാപനത്തിലെത്തി വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മൊഴിയെടുത്തു.

അമ്മുവിന് സഹപാഠികളില്‍ നിന്ന് മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നുവെന്നും ക്ലാസിലും ഹോസ്റ്റല്‍ മുറിയിലും ഈ മൂവര്‍ സംഘം ശല്യമുണ്ടാക്കിയിരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

ആത്മഹത്യ ചെയ്യാനുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ക്ലാസ് ടീച്ചര്‍ സബിതാ ഖാന്‍ പറഞ്ഞു. കുട്ടികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ക്ലാസില്‍ തന്നെ പറഞ്ഞുതീര്‍ത്തതാണ്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. നാലുപേരും ഉറ്റ ചങ്ങാതിമാരായിരുന്നുവെന്നും സബിത പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹോസ്റ്റലിന്റെ മുകളില്‍നിന്നു താഴേക്കു ചാടിയാണ് തിരുവനന്തപുരം സ്വദേശിയായ അമ്മു സജീവ് മരിച്ചത്. പ്രാഥമികാന്വേഷണത്തില്‍ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *