ജിഫ്രി മുത്തുക്കോയ തങ്ങളെ താന്‍ പരിഹസിച്ചിട്ടില്ല ;മുഖ്യമന്ത്രിയെയാണ് താന്‍ വിമര്‍ശിച്ചത് ;പിഎംഎ സലാം

കോഴിക്കോട്: സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളെ താന്‍ പരിഹസിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മുഖ്യമന്ത്രി പിണറായി വിജയനെയാണ് താന്‍ വിമര്‍ശിച്ചതെന്നും അതാണ് സമസ്തയ്ക്കെതിരായി മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതെന്നും പിഎംഎ സലാം പ്രതികരിച്ചു. സമസ്തയും ലീഗും തമ്മിലുള്ള ചെറിയ ആശയക്കുഴപ്പങ്ങള്‍ പറഞ്ഞവസാനിപ്പിച്ച് ഒത്തുതീര്‍പ്പിലേക്ക് വരികയാണ്. അത് തകര്‍ക്കാനുള്ള ചില ആളുകളുടെ ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണിതെന്നും സലാം പറഞ്ഞു.

ജിഫ്രി തങ്ങളെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കാറില്ല. വലിയ മതസംഘടനയുടെ ഉന്നതനായ നേതാവാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പി. സരിന്റെ കൈ പിടിച്ച് ഉയര്‍ത്തുകയാണ് ചെയ്തത്. എന്നാല്‍, ജിഫ്രി തങ്ങള്‍ തോളില്‍ കൈവെക്കുകയാണ് ഉണ്ടായത്.

ജിഫ്രി തങ്ങളും സാദിഖലി തങ്ങളും സമസ്തയും ലീഗുമെല്ലാം ഒന്നുതന്നെയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കം പറയുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയാണ് ഉദ്ദേശിക്കുന്നത്. പറഞ്ഞ കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ മാധ്യമങ്ങള്‍ ചോദിക്കണം. മാധ്യമങ്ങള്‍ പറഞ്ഞതാണ് ശരിയെന്ന് തെളിയിക്കാന്‍ കഴിയുമോ എന്ന് സലാം വെല്ലുവിളിച്ചു.

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിന് പിന്നാലെ പിഎംഎ സലാം കുവൈറ്റില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. പാണക്കാട് തങ്ങള്‍ അനുഗ്രഹിച്ച സ്ഥാനാര്‍ത്ഥി ജയിച്ചു. വേറെ ചിലര്‍ അനുഗ്രഹിച്ച സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. ആര്‍ക്കൊപ്പമാണ് മുസ്ലിം സമുദായമെന്ന് ബോധ്യപ്പെട്ടു എന്നുമായിരുന്നു പിഎംഎ സലാമിന്റെ പരാമര്‍ശം.

പരാമര്‍ശം വിവാദമായതിന് പിന്നാലെ പിഎംഎ സലാമിനെതിരെ സംയുക്ത പ്രസ്താവനയുമായി സമസ്ത നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി പിഎംഎ സലാമും രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *