നാട്ടിക: തൃശ്ശൂര്‍ നാട്ടികയില്‍ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്ന നാടോടികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി അഞ്ച് പേര് മരിച്ചു.പണി പുരോഗമിക്കുന്ന ദേശീയപാതാ ബൈപ്പാസിനരികില്‍ ഉറങ്ങിക്കിടന്നിരുന്ന നാടോടികള്‍ക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്.
രണ്ടുകുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍ തത്ക്ഷണം മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.50- നാണ് സംഭവം. കാളിയപ്പന്(50),ബംഗാഴി(20), നാഗമ്മ(39), ജീവന്(4), വിശ്വ(1) എന്നിവരാണ് മരിച്ചത്.
കണ്ണൂരില്‍ നിന്ന് മരം കയറ്റി പോയിരുന്ന ലോറിയാണ് ദേശീയ പാതയില്‍ നിന്ന് ബൈപ്പാസിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. ദേശീയ പാതയില്‍ സ്ഥാപിച്ചിരുന്ന ഡിവൈഡര്‍ തകര്‍ത്താണ് ലോറി ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് കയറിയത്.
ഡൈവേര്ഷന് ബോര്‍ഡ് ഡ്രൈവര്‍ കാണാതിരുന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തില്‍ കണ്ണൂര്‍ ആലങ്കോട് സ്വദേശികളായ ഡ്രൈവര്‍ ചാമക്കാലച്ചിറ ജോസ് (54), ക്ലീനര്‍ ഏഴിയക്കുന്നില്‍ അലക്സ് (33) എന്നിവരെ വലപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തു.

