പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മര്‍ദനം

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മര്‍ദനം. യുവതിയെ മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഭര്‍ത്താവ് രാഹുല്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന്, അമ്മയെ യുവതിക്കൊപ്പം നിര്‍ത്തി രാഹുല്‍ മുങ്ങി.യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരിക്ക്.

രാഹുല്‍ തന്നെ പന്തീരാങ്കാവിലെ വീട്ടില്‍വെച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരുംവഴി ആംബുലന്‍സില്‍വെച്ചും മര്‍ദിച്ചെന്നും മുഖത്തും തലയ്ക്കും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റെന്നുമാണ് ആശുപത്രിയില്‍ യുവതി നല്‍കിയ മൊഴി. എന്നാല്‍ പരാതി ഇല്ലെന്നാണ് യുവതി പറഞ്ഞത്. സ്വന്തം നാടായ എറണാകുളത്തേക്ക് മടങ്ങി പോകണമെന്നാണ് യുവതി പൊലീസിനോട് ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് രാഹുലിനെ പൊലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്. പന്തീരാങ്കാവ് പൊലീസ് ആണ് വിളിച്ചു വരുത്തിയത്.

നേരത്തെ, പെണ്‍കുട്ടി നല്‍കിയ ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്ന രാഹുല്‍ ഗോപാലിന്റെ ഹര്‍ജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. കോഴിക്കോടേയ്ക്ക് വിവാഹം കഴിപ്പിച്ച് അയച്ച വടക്കന്‍ പറവൂര്‍ സ്വദേശിയായ യുവതിയാണ് ഗാര്‍ഹിക പീഡന പരാതി ഉന്നയിച്ച് രംഗത്തെത്തിയത്. ഭര്‍ത്താവ് രാഹുല്‍ ഗോപാലിനെതിരെയാണ് യുവതി പരാതി നല്‍കിയത്. എന്നാല്‍ പിന്നീട് യുവതി മൊഴി മാറ്റിപ്പറഞ്ഞ് തനിക്ക് പരാതിയില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *