തൃശ്ശൂര്‍: നാട്ടിക അപകടത്തിലെ ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നുവെന്നും വണ്ടിയോടിച്ചത് ക്ലീനറായിരുന്നുവെന്നും ഇയാള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും മോട്ടോര്‍ വാഹനവകുപ്പ് മന്ത്രി കെ.ബി ഗണേഷ്. തൃശ്ശൂര്‍ നാട്ടികയില്‍ ലോറി പാഞ്ഞുകയറി അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി കെ.ബി ഗണേഷ് .
നിയമലംഘനം നടത്തിയതിന് രണ്ടുപേര്‍ക്കുമെതിരെ കേസെടുക്കും. ഇനിമുതല്‍ രാത്രികാല പരിശോധന കര്‍ശനമായിരിക്കും. അപകടശേഷം ലോറിയുമായി കടക്കാന്‍ ശ്രമിച്ചുവെന്നും ഡ്രൈവറും ക്ലീനറും ഇപ്പോഴും മദ്യലഹരിയില്ത്തന്നെയാണെന്നും വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാത്രികാലങ്ങളില്‍ വണ്ടികള്‍ അമിതവേഗതയിലാണ് ഓടിക്കുന്നതെന്നും തമിഴ്നാട്ടില്‍ നിന്നുള്ള വണ്ടികള്‍ അമിതവേഗതയില്‍ തെറ്റായ ദിശയിലേക്ക് കയറിവരുന്നത് പതിവാക്കിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ‘റോഡ് സൈഡില്‍ കിടക്കുന്നവരെ മാറ്റും. ഇവിടെ കിടന്നുറങ്ങരുതെന്ന് മുന്നറിയിപ്പ് കൊടുത്തിരുന്നു. റോഡ് സേഫ്റ്റി അതോറിറ്റിയുമായി സഹകരിച്ച് കൂടുതല്‍ ജാഗ്രത പാലിക്കും.
ട്രാഫിക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകളുമായി സഹകരിച്ചുകൊണ്ട് റോഡ് അപകടങ്ങള്‍ നിയന്ത്രിക്കാനുള്ള പദ്ധതികള്‍ ആലോചിക്കുന്നുണ്ട്. ട്രാഫിക് ലൈന്‍ തെറ്റിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

