മീന്‍ കറിക്ക് പുളി കുറഞ്ഞെന്ന കാരണത്താല്‍ മര്‍ദനം ; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതിക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്: ഹൈക്കോടതി തീര്‍പ്പാക്കിയ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിനെതിരെ പന്തീരാങ്കാവ് പോലീസ് കേസ് എടുത്തു. കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം, എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തത്. വീണ്ടും ഭര്‍ത്താവിന്റെ മര്‍ദനമേറ്റതായി കാണിച്ച് യുവതി നല്‍കിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.

യുവതിയുടെ ഭര്‍ത്താവ് നിലവില്‍ പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ കരുതല്‍ തടങ്കലിലാണ്. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വെച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

മീന്‍ കറിക്ക് പുളി കുറഞ്ഞെന്ന കാരണത്താലായിരുന്നു മര്‍ദനമെന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പരിക്കേറ്റ യുവതിയെ ഭര്‍ത്താവ് രാഹുലും അമ്മയും ചേര്‍ന്ന് ഇന്നലെ രാത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ പോലീസ് എത്തിയപ്പോള്‍ തനിക്ക് പരാതിയില്ലെന്നായിരുന്നു യുവതിയുടെ മറുപടി. ഇന്ന് രാവിലെ രക്ഷിതാക്കള്‍ക്ക് ഒപ്പമെത്തിയാണ് യുവതി പന്തീരാങ്കാവ് പോലീസില്‍ പരാതി നല്‍കിയത്.യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

ഇക്കഴിഞ്ഞ മേയിലാണ് രാഹുലിന് എതിരെ യുവതി ആദ്യം ഗാര്‍ഹിക പീഡന പരാതി നല്‍കിയത്. പിന്നാലെ വിദേശത്തേക്ക് കടന്ന രാഹുലിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി. ഇതിനിടെ പരാതി പിന്‍വലിക്കുകയാണെന്നും രാഹുലിനൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസ് റദ്ദാക്കിയ കോടതി യുവതിയെ ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *