പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോര്‍ച്ച സംബന്ധിച്ച് ചോദ്യം ഉന്നയിച്ചതിനെ തുടര്‍ന്ന് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ സി.പി.എം-ബി.ജെ.പി വാക്‌പോരും കയ്യാങ്കളിയും. ബി.ജെ.പിയുടെ വോട്ട് എവിടെ പോയെന്ന് സി.പി.എം കൗണ്‍സിലര്‍മാര്‍ ചോദിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്.
ബിജെപിയുടെ ആഭ്യന്തര കാര്യം ചോദിക്കാന്‍ സി.പി.എമ്മിന് എന്ത് അധികാരമെന്ന് ബി.ജെ.പി അംഗങ്ങള്‍ തിരിച്ചടിച്ചു. ബി.ജെ.പി ഭരിക്കുന്ന നഗരസഭയില്‍ തര്‍ക്കം രൂക്ഷമായതിന് പിന്നാലെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ബഹളം വെച്ചു.
എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് സംസാരിക്കാന്‍ അധ്യക്ഷ അവസരം നല്‍കുന്നില്ലെന്ന ആരോപണവും തര്‍ക്കത്തിനിടയാക്കി. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് അവസരം നല്‍കുന്നുവെന്നും തങ്ങള്‍ക്ക് നിഷേധിക്കുന്നുവെന്നുമാണ് ആരോപണം. എല്ലാവര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കിയിട്ടുണ്ടെന്നും തര്‍ക്കിക്കാന്‍ വരേണ്ടെന്നും അധ്യക്ഷ അറിയിച്ചു. സി.പി.എം അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയതിന് പിന്നാലെ ബി.ജെ.പി അംഗങ്ങളും നടുത്തളത്തിലെത്തി.

