കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. ഡിസംബര്‍ ആറിന് കേസ് ഡയറി ഹാജരാക്കാനാണ് കോടതി നിര്‍ദേശം. ഡിസംബര്‍ 9ന് കേസില്‍ വിശദവാദം കോടതി കേള്‍ക്കും. നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ഇപ്പോള്‍ നടക്കുന്ന കേസന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മഞ്ജുഷ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നവീന്‍ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയാതാകാമെന്ന സംശയവും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.
ഹര്‍ജിയില്‍ തീരുമാനമാകും വരെ കുറ്റപത്രം പ്രതിക്ക് നല്‍കരുതെന്നും നവീന്‍ ബാബുവിന്റെ ഭാര്യ കോടതിയോട് അവശ്യപ്പെട്ടു. പ്രതി രാഷ്ട്രീയ സ്വാധീനമുള്ള വിവിധ പദവികളും ചുമതലകളും വഹിക്കുന്ന ആളാണ്. കുറ്റപത്രത്തില്‍ വരുന്നത് കെട്ടിച്ചമച്ച് തെളിവുകളാകുമെന്നാണ് ഹര്‍ജിക്കാരിയുടെ വാദം. പ്രതി എങ്ങനെ അന്വേഷണത്തെ സ്വാധീനിച്ചുവെന്നാണ് സംശയിക്കുന്നതെന്ന് കോടതി ചോദിച്ചു. എസ്‌ഐടി അന്വേഷണം പേരിന് മാത്രമെന്നായിരുന്നു മഞ്ജുഷയുടെ വാദം. പ്രത്യേക അന്വേഷണ സംഘം പേരിനുമാത്രമാണെന്ന് മഞ്ജുഷ കോടതിയില്‍ പറഞ്ഞു.
ഒക്ടോബര്‍ 15- ന് രാവിലെ എട്ടിന് കളക്ട്രേറ്റ് ഉദ്യോഗസ്ഥനാണ് നവീന്‍ബാബു മരിച്ചതായി അറിയിച്ചത്. എന്നാല്‍, വീട്ടുകാര്‍ എത്തും മുന്‍പേ പോലീസ് തിടുക്കപ്പെട്ട് ഇന്‍ക്വസ്റ്റ് തയാറാക്കിയത് സംശയകരമാണ്. ഇന്‍ക്വസ്റ്റിന് ഉറ്റബന്ധുക്കളുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന നിയമം ലംഘിക്കപ്പെടുകയാണ് ചെയ്തത്. ആത്മഹത്യയെന്ന പൊലീസ് നിഗമനം തങ്ങള്‍ വിശ്വസിക്കുന്നില്ല. കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയിക്കുന്നു. എ ഡി എമ്മിന്റെ മരണത്തിന് ശേഷം രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിന് നാളിതുവരെ അന്വേഷണത്തില്‍ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടാക്കാനായില്ല. ഹരജിയില്‍ പറയുന്നു.
