ഡല്‍ഹി : ഉത്തര്‍പ്രദേശിലെ സംഭലിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സംഭലിലേക്ക് തിരിച്ച മുസ്ലിംലീഗ് എംപിമാരെ തടഞ്ഞ് യുപി പൊലീസ്. ഗാസിയാബാദ് എത്തിയപ്പോഴാണ് എംപിമാരെ തടഞ്ഞത്. 5 എംപിമാരടങ്ങിയ 2 വാഹനങ്ങളാണ് പൊലീസ് തടഞ്ഞത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്.
സംഭല്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കില്ലെന്നും മടങ്ങിപ്പോകണമെന്നും പൊലീസ് ലീഗ് എംപിമാരോട് പറയുകയായിരുന്നു. തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇടി മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, അഡ്വ. ഹാരിസ് ബീരാന്, പിവി അബ്ദുല്‍ വഹാബ്, നവാസ് ഖനി തുടങ്ങിയ ലീഗ് എംപിമാര്‍ സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു.
സംഘര്‍ഷ മേഖലയായതിനാല്‍ പോകാന്‍ അനുവാദം തരാന്‍ സാധിക്കില്ലെന്നാണ് എം.പിമാരോട് പൊലീസ് പറഞ്ഞത്. അതേസമയം, തടഞ്ഞത് തെറ്റായ നടപടിയാണെന്നും പൊലീസുമായി സംഘര്‍ഷത്തിനില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി വ്യക്തമാക്കി.
നിയന്ത്രണം കുറഞ്ഞ ശേഷം വീണ്ടും വരുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ച മുസ്ലിം ലീഗ് എംപിമാര്‍ സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു.
സംഭാല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വേക്ക് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. സര്‍വേക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ പ്രദേശത്ത് ഈ മാസം 30 വരെ ഇന്റര്‍നെറ്റ് സേവനം താല്കാലികമായി നിരോധനം ഏര്‍പ്പെടുത്തി. പുറത്തുനിന്നുള്ളവര്‍ പ്രദേശത്തേക്ക് പ്രവേശിക്കുന്നതിനും വിലക്കുണ്ട്. പ്രദേശത്തെ സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.

