തിരുവനന്തപുരം: കഴിഞ്ഞ ദിവസം താന്‍ പറയാത്ത കാര്യങ്ങള്‍ വളച്ചൊടിച്ചുവെന്നും രഞ്ജിത്തിനെ സാംസ്‌കാരികമന്ത്രി സംരക്ഷിക്കുന്നുവെന്ന വാര്‍ത്ത വേദനിപ്പിച്ചുവെന്നും മന്ത്രി സജി ചെറിയാന്‍. താന്‍ സ്ത്രീ വിരുദ്ധനാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
മൂന്ന് പെണ്‍കുട്ടികളും ഭാര്യയും അമ്മയും അടക്കം അഞ്ച് സ്ത്രീകളുള്ള വീട്ടില്‍ താമസിക്കുന്ന ഏക പുരുഷനാണ് താന്‍. സ്ത്രീകള്‍ക്ക് എതിരായ ഏത് നീക്കത്തേയും ശക്തമായി ചെറുക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.
‘സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. ഇരയോടൊപ്പമാണ്, വേട്ടക്കാരോടൊപ്പമല്ല. ആരെങ്കിലും ഏതെങ്കിലും തരത്തില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കും. അക്കാര്യത്തില്‍ നിയമപരമായ നിലപാട് സ്വീകരിക്കും. സര്‍ക്കാരിന് ആരേയും സംരക്ഷിക്കാനുള്ള ബാധ്യതയില്ല. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും മനസും സ്ത്രീ പക്ഷത്താണ്’, സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
