കുട്ടംപുഴയില്‍ വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെയും 14 മണിക്കൂര്‍ നീണ്ട തിരച്ചില്‍ കണ്ടെത്തി

കോതമംഗലം: കുട്ടംപുഴയില്‍ വനത്തില്‍ മേയാന്‍വിട്ട പശുവിനെ അന്വേഷിച്ചുപോയി കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. മായാ ജയന്‍, പാറുക്കുട്ടി, ഡാര്‍ലി എന്നിവരെയാണ് കണ്ടെത്തിയത് . ആശങ്ക നിറഞ്ഞ 14 മണിക്കൂറുകള്‍ക്കൊടുവിലാണ് മൂവരേയും കണ്ടെത്തിയ വിവരം ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചത്.

ഇന്ന് രാവിലെ വനത്തില്‍ ആറ് കിലോമീറ്റര്‍ ഉള്ളിലായി അറക്കമുത്തി എന്ന പ്രദേശത്തുനിന്നാണ് അന്വേഷണ സംഘം ഇവരെ കണ്ടെത്തിയത്. ഇവരെ ഉടന്‍ തിരിച്ചെത്തിക്കാന്‍ കഴിയുമെന്ന് മലയാറ്റൂര്‍ ഡി.എഫ്.ഒ ശ്രീനിവാസ് അറിയിച്ചു. മൂന്നു പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.

കഴിഞ്ഞ ദിവസമാണ് വനത്തില്‍ മേയാന്‍ വിട്ട പശുവിനെ അന്വേഷിച്ച് ഈ സ്ത്രീകള്‍ വനത്തിലേക്ക് പോയത്. എന്നാല്‍, ആനയെ കണ്ട് ഭയന്നോടിയതോടെ ഇവര്‍ കൂട്ടംതെറ്റുകയുമായിരുന്നു.

കാട്ടനക്കൂട്ടത്തെ കണ്ട് പാറപ്പുറത്ത് കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് സ്ത്രീകള്‍ പറഞ്ഞു.. ‘ഞങ്ങളെ ആനക്കൂട്ടം ഓടിച്ചു, തൊട്ടടുത്ത പാറപ്പുറത്ത് ഓടിക്കയറി. വലിയ പാറയായതിനാല്‍ ഏത് ഭാഗത്തുനിന്ന് ആന വന്നാലും കാണാന്‍ കഴിയുമായിരുന്നു. ആനകള്‍ ഉള്ളതിനാലാണ് തിരിച്ചുവരാന്‍ കഴിയാതിരുന്നത്’ – കാട്ടില്‍നിന്ന് വനപാലകര്‍ രക്ഷപ്പെടുത്തിയ പുത്തന്‍പുര ഡാര്‍ളി സ്റ്റീഫന്‍, മാളികേക്കുടി മായ ജയന്‍, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോന്‍ എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മായ വ്യാഴാഴ്ച രാവിലെ പശുവിനെ അന്വേഷിച്ചുപോയി കണ്ടെത്താനാവാതെ വന്നതോടെയാണ് വൈകീട്ട് മൂന്ന് മണിയോടെ മറ്റ് രണ്ടുപേരെയും കൂട്ടി വീണ്ടും തേക്ക് പ്ലാന്റേഷനി (പഴയ മെഡിസിനല്‍ പ്ലാന്റേഷന്‍) ലെ മുനിപ്പാറ ഭാഗത്തുകൂടി പ്ലാന്റേഷനിലേക്ക് പോയത്. വനാതിര്‍ത്തിയിലാണ് ഇവരുടെ വീട്. പശുവിനെ ബുധനാഴ്ച മുതല്‍ കാണാതായതാണ്. ഇതിനിടെ പശു തിരിച്ചെത്തിയതോടെയാണ് വീട്ടുകാര്‍ ആശങ്കയിലായത്.

തുടര്‍ന്നാണ് തിരച്ചില്‍ ആരംഭിച്ചത്. വനപാലകരും അഗ്‌നി രക്ഷാ സേനയും പൊലീസും നാട്ടുകാരുമടങ്ങുന്ന സംഘങ്ങളാണ് കാട്ടില്‍ തിരച്ചില്‍ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *