വിദ്യാര്‍ത്ഥി ആറ്റില്‍ മുങ്ങി, പേടിച്ച് പുറത്തുപറയാതെ കൂട്ടുകാര്‍; മൃതദേഹം കണ്ടെത്തി

ചാത്തന്നൂര്‍: കാണാതായ പതിനേഴുകാരനെ ആറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ വരിഞ്ഞം കാരൂര്‍കുളങ്ങര തുണ്ടുവിള വീട്ടില്‍ രവിയുടേയും അംബികയുടേയും മകന്‍ അച്ചുവാണ് മരിച്ചത്. കഴിഞ്ഞ 23-ന് അച്ചുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പാരിപ്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു.

കൂട്ടുകാരുമൊത്ത് ഇത്തിക്കരയാറ്റില്‍ കല്ലുവാതുക്കല്‍ മണ്ണയത്ത് കുളിക്കാനിറങ്ങിയതാണ് അച്ചുവെന്ന് പോലീസ് പറയുന്നു. കുളിക്കുന്നതിനിടെ കയത്തിലകപ്പെട്ടതോടെ മൂന്ന് കുട്ടികളും ഭയന്ന് തിരികെ പോയി. അച്ചുവിനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചെങ്കിലും ആറ്റിലകപ്പെട്ട കാര്യം ഇവര്‍ ആരോടും പറഞ്ഞില്ല. പോലീസ് ചോദിച്ചെങ്കിലും തങ്ങള്‍ക്കൊപ്പം സമീപത്തെ ക്ഷേത്രത്തില്‍ അയ്യപ്പന്‍കഞ്ഞി കുടിക്കാനെത്തിയെന്നും പിന്നീട് കണ്ടില്ലെന്നുമാണ് മൊഴി നല്‍കിയത്.

അന്വേഷണം നടക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസം കൂട്ടുകാര്‍ തങ്ങളുടെ അധ്യാപകരോട് അച്ചുവുമൊത്ത് കളിക്കാന്‍ പോയ വിവരം വെളിപ്പെടുത്തി.കുളിക്കാനിറങ്ങിയപ്പോള്‍ അച്ചു ആറ്റില്‍ മുങ്ങിത്താഴ്ന്നതായും പേടിച്ച് ആരോടും പറഞ്ഞില്ലെന്നും കൂട്ടുകാര്‍ സമ്മതിക്കുകയായിരുന്നു.

ഈ വിവരം പ്രധാനധ്യാപിക പാരിപ്പള്ളി പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് മണ്ണയം ഭാഗത്ത് ആറ്റില്‍ നടത്തിയ പരിശോധനയില്‍ മുളങ്കാടുകള്‍ക്കിടയില്‍ അച്ചുവിന്റെ മൃതദേഹം കണ്ടെത്തി. പരവൂരില്‍ നിന്നുള്ള അഗ്‌നിരക്ഷാസേനയും സ്‌കൂബാ ടീമും ചേര്‍ന്ന് മൃതദേഹം കരയ്ക്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *