ചെന്നൈ: കനത്ത മഴ തുടരുന്ന തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍. നിരവധി വീടുകള്‍ മണ്ണിനടിയിലായി. ഏഴുപേരെ കാണാതായിട്ടുണ്ട്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. രാജ്കുമാര്‍ എന്നയാള്‍ക്കും ഏഴംഗ കുടുംബത്തിനുമായി തിരച്ചില്‍ തുടരുകയാണ്.
സംഭവസ്ഥലത്തു നിന്നും 50 പേരെ ഒഴിപ്പിച്ചു. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് അതിശക്തമായ ന്യൂനമര്‍ദ്ദമായി മാറിയതോടെ തിരുവണ്ണാമലൈയില്‍ ഞായറാഴ്ച ഉച്ചമുതല്‍ ശക്തമായ മഴയാണ്.
രക്ഷാ പ്രവര്‍ത്തനത്തിനായി 30 അംഗ ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരമാണ് തിരുവണ്ണാമലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായത്. 35 ടണ്‍ ഭാരമുള്ള ഒരു കൂറ്റന്‍പാറ 20 അടിയോളം താഴ്ചയില്‍ വീടുകള്‍ക്ക് മുകളിലേക്ക് വീണു. രണ്ടുവീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. ഈ വീട്ടിലുള്ളവരെയാണ് ഇതുവരെ കണ്ടെത്താനാവത്തത്.
ജില്ലയില്‍ റെക്കോര്‍ഡ് മഴയാണ് പെയ്തത്. കടലൂര്‍, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നിവിടങ്ങളില്‍ പലയിടത്തും വെളളക്കെട്ട് രൂക്ഷമായി തുടരുകയാണ്.

