ഹൈദരാബാദ്: തെലങ്കാനയില്‍ ദുരഭിമാനക്കൊല. തെലങ്കാനയില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ സഹോദരന്‍ വെട്ടിക്കൊന്നു. തെലങ്കാനയിലെ റായ്‌പോളെ ഗ്രാമത്തില്‍ നിന്നുള്ള നാഗമണിയേയാണ്(28) സഹോദരന്‍ പരമേശ് തിങ്കളാഴ്ച കൊലപ്പെടുത്തിയത്.
ഹായത് നഗര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു നാഗമണി. രണ്ടാഴ്ച മുമ്പാണ് ഇതരജാതിയില്‍ നിന്നുള്ളയാളുമായി നാഗമണിയുടെ വിവാഹം കഴിഞ്ഞത്. നാഗമണിയുടെ വിവാഹത്തെ കുടുംബം എതിര്‍ത്തിരുന്നു. ഈ പകയാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് സംശയിക്കുന്നത്.
തിങ്കളാഴ്ച രാവിലെ തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്‌നത്തു വച്ചാണ് സംഭവം നടന്നത്. സഹോദരന്‍ പരമേശ് ഓടിച്ചിരുന്ന കാര്‍ നാഗമണിയുടെ സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിയന്ത്രണം വിട്ട് നാഗമണി താഴെ വീണതോടെ മഴു ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. കൊലപാതകശേഷം പരമേശ് പോലീസിന് മുന്നില്‍ കീഴടങ്ങുകയും ചെയ്തു.

