ഡല്‍ഹി: സംഭല്‍ മസ്ജിദില്‍ അവകാശ വാദമുന്നയിച്ച് ഹിന്ദുത്വ സംഘം രംഗത്തുവന്നതിന് പിന്നാലെ സര്‍വെ അനുവദിച്ച കോടതി വിധിക്കെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലുമായി ലീഗ് എം.പിമാര്‍ ചര്‍ച്ച നടത്തി.
പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേക്ക് അനുമതി നല്‍കിയതാണ് ഇതിനെല്ലാം തുടക്കമെന്ന് അദ്ദേഹം പറഞ്ഞു. നിയമം സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത കോടതിക്കുണ്ട്. കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ഒരു കൂട്ടര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

