രാഹുലും പ്രിയങ്കയും സംഭലിലേക്ക്; സന്ദര്‍ശനം അനുമതിയില്ലാതെ

ഡല്‍ഹി: ശാഹി ജമാമസ്ജിദിന് ഹിന്ദുത്വവാദികള്‍ അവകാശവാദമുന്നയിച്ചതിനെ തുടര്‍ന്ന് നടന്ന വര്‍ഗീയ സംഘര്‍ഷത്തില്‍ അഞ്ച് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ട സംഭല്‍ ഇന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട് എം.പി പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിക്കും. രാഹുലിനെയും സംഘത്തെയും തടയാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് യു.പി ഭരണകൂടം മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇത് വകവെക്കാതെ മുന്നോട്ട് പോകാനാണ് രാഹുലിന്റെ തീരുമാനം. ഡല്‍ഹിയില്‍ നിന്ന് ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭലിലേക്ക് രാഹുല്‍ പുറപ്പെടുക.

അതിനിടെ, രാഹുല്‍ ഗാന്ധിയെ വഴിയില്‍ തടയാന്‍ സംഭല്‍ ജില്ലാ മജിസ്ട്രേറ്റ് രാജേന്ദ്ര പെന്‍സിയ സമീപത്തെ നാല് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. അതിര്‍ത്തികളില്‍ നിരവധി പൊലീസുകരെയും വിന്യസിച്ചു. അതത് ജില്ല അതിര്‍ത്തികളില്‍ തടഞ്ഞുനിര്‍ത്തി സംഭലില്‍ പ്രവേശിക്കുന്നത് തടയണമെന്നാണ് അഭ്യര്‍ഥന. ബുലന്ദ്ഷഹര്‍, അംരോഹ, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍ എന്നീ ജില്ലകള്‍ക്കാണ് ഈ ആവശ്യമുന്നയിച്ച് കത്തയച്ചത്. ഈ മാസം 10വരെ നിരോധനാജ്ഞയുള്ളതിനാല്‍ ആര്‍ക്കും പുറത്തുനിന്ന് വരാന്‍ കഴിയില്ലെന്ന് ഉത്തരവില്‍ പറയുന്നു.

രണ്ട് ദിവസം മുന്‍പ് സംഭല്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങിയ കോണ്‍ഗ്രസ് നേതാക്കളെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് സ്ഥലത്ത് വലിയ സംഘര്‍ഷാവസ്ഥയും ഉടലെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *