ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കി സിദ്ദിഖ്

കൊച്ചി: ലൈംഗിക ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി നടന്‍ സിദ്ദിഖ്. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നും സിദ്ദിഖ് പരാതിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ സിദ്ദിഖ് പറയുന്നു.

‘അമ്മ’യ്ക്ക് എതിരെ ഒരു ആരോപണം ഉണ്ടായപ്പോള്‍ താനും അന്തരിച്ച നടി കെപിഎസി ലളിതയും ചേര്‍ന്ന് ഒരു വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ നടി തനിയ്ക്ക് എതിരെ ആദ്യ പോസ്റ്റ് ഇട്ടത്. താന്‍ അഭിനയിച്ച ഒരു സിനിമയുടെ പ്രിവ്യു ഷോയ്ക്ക് എത്തിയപ്പോള്‍ രേവതിയോട് മോശമായി സംസാരിച്ചു എന്നായിരുന്നു അത്. പിന്നീട് പലതവണ സോഷ്യല്‍ മീഡിയകള്‍ വഴിയും മാധ്യമങ്ങള്‍ വഴിയും വ്യത്യസ്തമായ ആരോപണങ്ങളാണ് നടി ഉന്നയിച്ചത്. ചില സമയങ്ങളില്‍ താന്‍ മോശമായി സംസാരിച്ചുവെന്നും പിന്നീട് ബലാത്സംഗം ചെയ്തു എന്നും പറയുകയുണ്ടായെന്ന് സിദ്ദിഖ് പരാതിയില്‍ പറയുന്നു.

രേവതി സമ്പത്തിന്റെ ആരോപണത്തിന് പിന്നാലെ സിദ്ദിഖിന് താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *