തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. അന്വേഷണം ശരിയായ ദിശയിലാണെന്നും അതുകൊണ്ടുതന്നെ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
നവീന്‍ ബാബുവിന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലര്‍ത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ എല്ലാ ആശങ്കകളും പരിശോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും പരിഗണിച്ച് കേസ് സി.ബി.ഐക്ക് വിടണമോയെന്ന് കോടതിയായിരിക്കും തീരുമാനിക്കുക.
പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ. അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. നവീന്‍ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന സംശയമുണ്ടെന്നും സംഭവത്തില്‍ പി.പി. ദിവ്യയുടെ പങ്കിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. നാളെയാണ് ഹൈക്കോടതി ഈ ഹര്‍ജി പരിഗണിക്കുന്നത്.

