വടകര:ഒമ്പതു വയസ്സുകാരിയായ ദൃഷാനയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍ ഒമ്പതര മാസത്തിന് ശേഷം പൊലീസ് പിടികൂടി. പുറമേരി സ്വദേശി ഷജീല്‍ എന്നയാള്‍ ഓടിച്ച കെ.എല്‍. 18 ആര്‍ 1846 വെള്ള സ്വിഫ്റ്റ് കാര്‍ ആണ് അപകടം വരുത്തിയത്. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിച്ച ഷജീല്‍ പിന്നീട് യു.എ.യിലേക്ക് കടന്നു. ഇയാളെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നതായി വടകര റൂറല്‍ എസ്.പി നിധിന്‍ രാജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അശ്രദ്ധമായി വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയുമായിരുന്നു. അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി രക്ഷപ്പെട്ടതാണെന്നും പിന്നിട് കാര്‍ രൂപമാറ്റം വരുത്തിയെന്നും റൂറല്‍ എസ്.പി. പറഞ്ഞു. അന്ന് പോലീസിന് കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇന്‍ഷൂറന്‍സ് ക്ലയിം ചെയ്യാന്‍ വന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണെന്ന് വ്യക്തമായത്.
ഈവര്‍ഷം ഫെബ്രുവരി 17-ന് രാത്രി വടകരയ്ക്കു സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിലാണ് അപകടമുണ്ടായത്. രാത്രി ഒമ്പതുമണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകള്‍ ദൃഷാനയെയും അമ്മൂമ്മ പുത്തലത്ത് ബേബി (62)യെയും ഇടിച്ചിട്ടത്. അപകടത്തില്‍ ബേബി മരിച്ചു. ഈ വര്‍ഷം ഫെബ്രുവരി 17ന് നടന്ന അപകടത്തില്‍ ഗുരുതര പരിക്കേറ്റ് കോമയില്‍ കഴിയുന്ന കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടം നടന്നശേഷം പോലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നെങ്കിലും തെളിവൊന്നും കിട്ടിയിരുന്നില്ല. പിന്നീട് അന്വേഷണം ഇഴഞ്ഞു. ഇതോടെ ബന്ധുക്കള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവര്‍ക്ക് പരാതി നല്‍കി. തുടര്‍ന്നാണ് വീണ്ടും അന്വേഷണം ഊര്‍ജിതമായത്.

