വിഐപി ദര്‍ശനം നിയന്ത്രിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് : വീണ്ടും രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

സന്നിധാനം: ശബരിമലയില്‍ നടന്‍ ദിലീപിന് വിഐപി പരിഗണനയില്‍ ദര്‍ശനം അനുവദിച്ചതില്‍ വീണ്ടും രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയാണ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

ദിലീപ് സോപാനത്ത് തുടര്‍ന്നത് ഭക്തര്‍ക്ക് തടസമുണ്ടാക്കി. ശ്രീകോവിലിനു മുന്നില്‍ നിന്നാല്‍ മറ്റുള്ളവരുടെ ദര്‍ശനം തടസപ്പെടുമെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്നു ദേവസ്വം ബോര്‍ഡിന് താക്കീതും നല്‍കി.

വിഐപി ദര്‍ശനം നിയന്ത്രിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി ഓര്‍മിപ്പിച്ചു. ഹരിവരാസനം സമയത്ത് പരമാവധി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനാണ് ശ്രമിക്കേണ്ടതെന്നും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ദര്‍ശനത്തിന് മതിയായ സൗകര്യം ലഭിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സന്നിധാനത്തെത്തിയ ദിലീപിന്റെ എല്ലാ സിസിടിവി ദൃശ്യങ്ങളും ഇന്നുതന്നെ പെന്‍ഡ്രൈവില്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം നല്‍കാനും ഇടക്കാല ഉത്തരവുണ്ട്.കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *