വയനാട് പുനരധിവാസം; കണക്കുകള്‍ കൃത്യമായി നല്‍കിയില്ലെങ്കില്‍ കേന്ദ്രം എങ്ങനെ സംസ്ഥാനത്തിന് പണം നല്‍കും ;വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: വയനാട് പുനരധിവാസത്തിന് എസ്.ഡി.ആര്‍.എഫില്‍നിന്ന് എത്ര രൂപ ചെലവഴിക്കാനാകുമെന്നതിനെ കുറിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കണക്കുകള്‍ കൃത്യമായി നല്‍കിയില്ലെങ്കില്‍ കേന്ദ്രം എങ്ങനെ സംസ്ഥാനത്തിന് പണം നല്‍കുമെന്നും ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു.

ഫണ്ട് എങ്ങനെ ചിലവഴിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ധാരണയില്ലെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു രൂക്ഷവിമര്‍ശനം.

കേന്ദ്രവും സംസ്ഥാവും തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു.

എസ്.ഡി.ആര്‍.എഫില്‍ എത്ര പണമുണ്ടെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് 677 കോടി എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി. കേന്ദ്രസര്‍ക്കാര്‍ എത്ര രൂപ നല്‍കി എന്നതിന്, രണ്ടു തവണയായി ആകെ 291 കോടി രൂപ കേന്ദ്രം എസ്.ഡി.ആര്‍.എഫിലേക്ക് നല്‍കിയെന്നും സംസ്ഥാനം അറിയിച്ചു. ഇതില്‍ 97 കോടി രൂപ സംസ്ഥാനത്തിന്റെ വിഹിതവും കൂടി ചേര്‍ത്താണുള്ളത്. ഇതില്‍ 95 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍, വയനാട്ടിലേത് അടക്കമുള്ള മറ്റ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുകയും ചെയ്തു. ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണ്. ഇതില്‍ എത്ര പണം വയനാടിന്റെ പുനഃരധിവാസത്തിനായി ചെലവഴിക്കുമെന്ന ചോദ്യത്തിന് വ്യക്തത വരുത്താന്‍ രണ്ട് ദിവസം സാവകാശം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതിനോട് കോടതി മുഖം തിരിച്ചു. സാധ്യമായ എല്ലാ സമയവും നല്‍കി, ഇനിയും സമയം നല്‍കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. തുടര്‍ന്ന് എസ്ഡിആര്‍എഫ് ഫണ്ടില്‍ വ്യക്തത വരുത്താന്‍ വ്യാഴാഴ്ച വരെ സാവകാശം നല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *