തിരുവനന്തപുരം: പാലോട് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നവവധു ഇന്ദുജയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍. നെടുമങ്ങാട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ മൃതദേഹത്തില്‍ നടന്ന പരിശോധനയിലാണ് മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടത്. ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലുമാണ് പാടുകള്‍ കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവ് അഭിജിത് പൊലീസ് കസ്റ്റഡിയിലാണ്.
മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് അച്ഛന്‍ ശശിധരന്‍ ആരോപിച്ചു.സംഭവത്തില്‍ അഭിജിത്തിനും അമ്മയ്ക്കുമെതിരെ ഇന്ദുജയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിക്കു ഭര്‍തൃവീട്ടില്‍നിന്ന് ഭീഷണിയും മാനസിക പീഡനവും ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് കുടുംബം പരാതിയില്‍ ആരോപിക്കുന്നു. വിവാഹശേഷം ഇന്ദുജയെ ഭര്‍തൃവീട്ടില്‍ ചെന്ന് കാണാന്‍ തങ്ങളെ അനുവദിച്ചിരുന്നില്ല. ഇന്ദുജ തന്നെ ഇത് പല ദിവസങ്ങളില്‍ ഫോണ്‍ വിളിച്ച് അറിയിച്ചിട്ടുണ്ട്. മരണത്തിനു പിന്നില്‍ അഭിജിത്തിനും മാതാവിനും പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നും ഇന്ദുജയുടെ പിതാവ് ശശിധരന്‍ കാണി പാലോട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ആദിവാസി സമൂഹത്തില്‍ നിന്നുള്ള ഇന്ദുജയും അഭിജിത്തും രണ്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. പക്ഷെ ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ക്ക് സമ്മതമായിരുന്നില്ല. നാല് മാസം മുന്‍പ് ഇന്ദുജയെ വീട്ടില്‍ നിന്ന് അഭിജിത്ത് വിളിച്ചിറക്കി. പിന്നീട് സമീപത്തെ അമ്പലത്തില്‍ പോയി താലി ചാര്‍ത്തിയ ശേഷം ഒരുമിച്ച് താമസിക്കുകയായിരുന്നു.
ഇന്നലെയാണ് ഭര്‍തൃവീട്ടിലെ രണ്ടാമത്തെ നിലയിലുള്ള കിടപ്പുമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. ജോലി കഴിഞ്ഞ് മടങ്ങിവന്ന അഭിജിത്ത് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെന്നാണ് പൊലീസിനെ അറിയിച്ചത്.

