തിരുവനന്തപുരം: പതിനാറാം ധനകാര്യ കമീഷന് ചെയര്‍മാനും അംഗങ്ങളും അടങ്ങിയ സംഘം ഞായറാഴ്ച കേരളത്തിലെത്തും. നീതി ആയോഗ് മുന്‍ വൈസ് ചെയര്മാന് ഡോ. അരവിന്ദ് പനഗരിയ ചെയര്‍മാനായ പതിനാറാം ധനകാര്യ കമ്മീഷന് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതാനായി സംസ്ഥാനങ്ങളിലേക്കുള്ള പഠന യാത്രകളുടെ ഭാഗമായാണ് മൂന്നു ദിവസത്തെ കേരള സന്ദര്‍ശനം നിശ്ചയിച്ചിട്ടുള്ളത്.
ഞായറാഴ്ച ഉച്ചയ്ക്ക് കൊച്ചിയിലെത്തുന്ന സംഘം കുമരകം പഞ്ചായത്ത് സന്ദര്‍ശനത്തിനായി പുറപ്പെടും. തിങ്കളാഴ്ച വൈകിട്ട് കമീഷന് ചെയര്‍മാനും അംഗങ്ങളും കോവളത്ത് എത്തും. ചൊവ്വാഴ്ച രാവിലെ 9.30ന് കോവളം ലീലാ ഹോട്ടലിലെ യോഗ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കമീഷന് ചെയര്‍മാനെയും അംഗങ്ങളെയും സ്വീകരിക്കും. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ സ്വാഗതം പറയും. തുടര്‍ന്ന് മന്ത്രിസഭാംഗങ്ങളുമായി ചര്‍ച്ച നടത്തും.
അഞ്ചുവര്‍ഷ കാലയളവില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട ഭരണഘടനപരമായ സാമ്പത്തിക പിന്തുണ സംബന്ധിച്ച തീര്‍പ്പുകള്‍ നിശ്ചയിക്കുകയാണ് ധനകാര്യ കമ്മീഷന്റെ ചുമതല.

