ശബരിമല: പമ്പയില്‍ സ്ത്രീകള്‍ക്കായി ഒരു വിശ്രമ കേന്ദ്രം വേണമെന്ന ആവശ്യം നടപ്പാക്കി. തീര്‍ഥാടകര്‍ക്ക് ഒപ്പം എത്തുന്ന വനിതകള്‍ക്ക് ഇനി പമ്പയില്‍ സുഖമായും സുരക്ഷിതമായും വിശ്രമിക്കാം. സ്ത്രീകള്‍ക്കായി നിര്‍മ്മിച്ച വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് നിര്‍വഹിച്ചു.
പമ്പയില്‍ ഗണപതി ക്ഷേത്രത്തിന് സമീപമാണ് സ്ത്രീകള്‍ക്കായുളള വിശ്രമ കേന്ദ്രം ഒരുങ്ങിയിരിക്കുന്നത്. 50 സ്ത്രീകള്‍ക്ക് ഒരേ സമയം വിശ്രമിക്കാനുള്ള സൗകര്യമുണ്ട്. ശീതീകരിച്ച കെട്ടിടത്തില്‍ വിശ്രമമുറി, ഫീഡിങ് റൂം, ശുചിമുറി ബ്ലോക്ക് എന്നിവയും ഉണ്ട്.
ചോറൂണു വഴിപാടിനായി എത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്കു പമ്പയില്‍ തങ്ങേണ്ടി വരുമ്പോള്‍ ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയും.

