കോഴിക്കോട്: വെള്ളയില്‍ പ്രമോഷന് റീല്‍സ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഇരുപതുകാരന് മരിച്ച കേസില്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ കാര്‍ ഡീറ്റെയിലിങ് സ്ഥാപന ഉടമകള്‍ നടത്തിയത് ആസൂത്രിത നീക്കം. യുവഛായാഗ്രാഹകനും പ്രൊമോഷനല്‍ വീഡിയോ നിര്‍മ്മാതാവുമായ വടകര കടമേരി സ്വദേശി ആല്‍വിന്റെ മരണം സ്ഥിരീകരിച്ചതോടെ അപകടമുണ്ടാക്കിയ കാറിന്റെ വിവരം മറച്ചുവെക്കാനുള്ള നീക്കമാണ് നടന്നത്.
പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ കേരള രജിസ്ട്രേഷനിലുള്ള ‘ഡിഫന്‍ഡര്‍’ വാഹനത്തിന്റെ നമ്പറാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ വാഹനത്തിനൊപ്പമുണ്ടായിരുന്ന കാര്‍ ആണ് അപകടമുണ്ടാക്കിയതെന്ന സംശയത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു. തെലങ്കാന രജിസ്ട്രേഷനിലുള്ളതാണ് കാര്‍. തുടര്‍ന്ന് കോഴിക്കോട് ആര്‍ടിഒ നടത്തിയ ഇരുവാഹനങ്ങളിലും നടത്തിയ പരിശോധനയില്‍ തെലങ്കാന രജിസ്ട്രേഷനിലുള്ള കാറിന്റെ മുന്‍വശത്തെ ക്രാഷ് ഗാര്‍ഡിലും ബോണറ്റിലും അപകടം ഉണ്ടായതിന്റെ തെളിവുകള്‍ കണ്ടെത്തുകയായിരുന്നു.ഇതിനിടെ വെള്ളയില്‍ പോലീസ് സ്റ്റേഷന്റെ വടക്കുഭാഗത്തുള്ള ചെരുപ്പ് മൊത്തവില്‍പ്പന കേന്ദ്രത്തിലെ സി.സി.ടി.വി.യില്‍ നിന്ന് തെലങ്കാന രജിസ്ട്രേഷന് കാര്‍ ആല്‍വിനെ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്നാണ് ഡ്രൈവറെ അറസ്റ്റു ചെയ്യാനുള്ള നടപടികളിലേക്ക് വെള്ളയില്‍ ഇന്‍സ്പെക്ടര്‍ ബൈജു കെ. ജോസും എസ്.ഐ. ഷിനോബും നീങ്ങിയത്.
എഫ്.ഐ.ആറിലുള്ള കാറിന്റെ വിവരം മാറ്റി മറ്റൊരു കാറാണ് അപകടമുണ്ടാക്കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നുള്ള അനക്സ് റിപ്പോര്‍ട്ട് ഫയല്‍ചെയ്യുമെന്ന് അസി. കമ്മിഷണര്‍ ടി. കെ. അഷ്റഫ് പറഞ്ഞു. തെലങ്കാന കാറിന് ഇന്‍ഷുറന്‍സും റോഡ് നികുതിയും ഇല്ലെന്നും ഇത് സംബന്ധിച്ച് ബുധനാഴ്ച ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ആര്.ടി.ഒ. അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് വെള്ളയില്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ബീച്ച് റോഡില്‍ ഇരുപതുകാരനായ ആല്‍വിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. സാരമായി പരിക്കേറ്റ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ഒരാഴ്ച്ച മുന്‍പാണ് ആല്വിന് ഗള്‍ഫില്‍ നിന്നും നാട്ടില്‍ എത്തിയത്.റീല്‍സ് എടുക്കുന്നതിനിടെയായിരുന്നു അപകടം. ബെന്‍സ് കാറും ഡിഫന്‍ഡറും ഉപയോഗിച്ചുള്ള ഷൂട്ടിംഗായിരുന്നു. ഇരു വാഹനങ്ങളും സമാന്തരമായി വരികയായിരുന്നു. ബെന്‍സ് വാഹനം റോഡിന്റെ വലതുവശം ചേര്‍ന്നും ഡിഫന്‍ഡര്‍ വാഹനം റോഡിന്റെ ഇടതുവശം ചേര്‍ന്നുമാണ് വന്നത്. വീഡിയോ എടുക്കുന്ന ആല്വിന് റോഡില്‍ നടുവില്‍ ആയിരുന്നു. ബെന്‍സ് ഡിഫന്‍ഡറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ആല്‍വിനെ ഇടിക്കുകയായിരുന്നു.

