ലൈംഗികാതിക്രമ കേസ് ; നടന്‍ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

സംഭവം നടന്നിട്ട് 17 വര്‍ഷമായെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും അന്തസുണ്ടെന്നും രാജ്യം പത്മശ്രീ നല്‍കി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും വ്യക്തമാക്കി.

നേരത്തെ നവംബര്‍ 21 വരെ ബാലചന്ദ്ര മേനോന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതേ ഹര്‍ജിയിലാണ് ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. ഷൂട്ടിങ് ലൊക്കേഷനില്‍ വിളിച്ചുവരുത്തുകയും ശേഷം ഹോട്ടലില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതിയിലുള്ളത്. ഭയം കാരണമാണ് ഇത്രയും നാള്‍ പറയാതിരുന്നതെന്നാണ് നടി പറഞ്ഞത്.

തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ബാലചന്ദ്ര മേനോന്‍ വാദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *