കൊല്ലം: കൊല്ലം ജില്ല സമ്മേളനത്തില്‍ വിതരണം ചെയ്ത കരിങ്ങാലി വെള്ളകുപ്പിയെ സമൂഹമാധ്യമങ്ങളില്‍ ബീയര്‍ കുപ്പിയായി പ്രചരിപ്പിച്ചതിനെതിരെ രൂക്ഷമായി പ്രതികരിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ചിന്ത ജെറോം. ഇവരൊക്കെ എന്താണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം കണ്ടപ്പോള്‍ ആദ്യം തോന്നിയതെന്ന് ചിന്ത ജെറോം പറഞ്ഞു.ഇത്തരം പ്രചരണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് അവര്‍ പറഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതാണ് ഇപ്പോഴത്തെ പ്രചരണമെന്ന് ചിന്താ ജെറോം പ്രതികരിച്ചു. സമ്മേളനത്തില്‍ പ്ലാസ്റ്റിക് ഒഴിവാക്കിയിരുന്നതിനാല്‍ വേദിയില്‍ കുപ്പികളില്‍ ചൂടുവെള്ളമാണ് നിറച്ചുവച്ചിരുന്നത്. ഇതാണ് ക്യാമറയില്‍ പതിഞ്ഞത്. പൊതുവേ നമ്മള് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ക്യാമറ അടുത്തേക്ക് വന്നാല്‍ ഒന്ന് പതുങ്ങാറുണ്ടല്ലോ. അതുകൊണ്ടാണ് കുപ്പി താഴത്തുവെച്ചത്. അതിലൊക്കെ എന്ത് കാര്യമിരിക്കുന്നുവെന്നും ചിന്ത ചോദിച്ചു.
പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കാനും പൊതുമധ്യത്തില്‍ സംശയമുണ്ടാക്കാനുമാണ് ഇത്തരം വിവാദങ്ങളുണ്ടാക്കുന്നത്. സിപിഐഎം ജില്ലാ സമ്മേളനത്തെ ഇല്ലാതാക്കാന്‍ എന്തെങ്കിലും ചെയ്യണ്ടേ എന്ന് കരുതിയാവാം പ്രചാരണം എന്നും ചിന്ത ജെറോ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തില്‍നിന്നുള്ള ഒരു ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. സമ്മേളനവേദിയില്‍വെച്ച് സി.പി.എം നേതാവ് ചിന്താ ജെറോം ഒരു ചില്ലുകുപ്പിയില്‍ വെള്ളം കുടിക്കുന്നതായിരുന്നു ദൃശ്യങ്ങളില്‍. ക്യാമറ കാണുമ്പോള്‍ അവര്‍ ചിരിച്ചുകൊണ്ട് കുപ്പി താഴെ വെയ്ക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് സമ്മേളനവേദിയില്‍വെച്ച് ചിന്ത കഴിച്ചത് മദ്യമാണെന്നരീതിയില് സോഷ്യല്‍ മീഡിയയില്‍ വ്യാഖ്യാനിക്കപ്പെട്ടത്.

