ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ സത്രീകളെ വിലയിരുത്തരുത്: ഹൈക്കോടതി

കൊച്ചി: സ്ത്രീയെ അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് പരിഷ്‌കൃതസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിന്റെ ഫലമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്‌നേഹലതയും അടങ്ങിയ ഡിവിഷന്‍ബെഞ്ച് അഭിപ്രായപ്പെട്ടു.

മാവേലിക്കര കുടുംബ കോടതി ഉത്തരവിനെതിരെ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. വിവാഹമോചനം നേടിയ യുവതി തന്റെ കുട്ടികളുടെ കസ്റ്റഡി ആവശ്യപ്പെട്ടപ്പോള്‍ യുവതി ധരിച്ച വസ്ത്രമടക്കം കണക്കിലെടുത്ത് കുട്ടികളെ കൊണ്ടുപോവാനുള്ള അവകാശം കുടുംബ കോടതി നിഷേധിക്കുകയായിരുന്നു.

ഏതുവസ്ത്രം ധരിക്കുന്നുയെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. അത് കോടതിയുടെ മോറല്‍ പോലീസിങ്ങിനു വിധേയമാകേണ്ടതില്ല. വ്യക്തിപരമായ അഭിപ്രായം വിധിന്യായങ്ങളില്‍ ഉണ്ടാകരുത് -കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *