തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി. ചോദ്യ പേപ്പര്‍ യൂട്യൂബ് ചാനലുകളിലൂടെ പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
ചോദ്യ പേപ്പര്‍ വിഷയത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് , ഡി.ജി.പി, സൈബര്‍ സെല്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായി ശിവന്‍കുട്ടി അറിയിച്ചു. യൂട്യൂബ് ചാനലുകളില്‍ ചോദ്യപേപ്പര്‍ വന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരും. പരീക്ഷാ നടത്തിപ്പില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ല. സംഭവം ചര്‍ച്ച ചെയ്യാനായി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോദ്യപേപ്പര്‍ പുറത്തുപോകില്ലെന്നും മന്ത്രി പറഞ്ഞു.
നല്ല രീതിയില്‍ പോയിക്കൊണ്ടിരിക്കുന്ന സിസ്റ്റത്തോടുള്ള വെല്ലുവിളിയാണിതെന്നും പൊതുവിദ്യാഭ്യാസത്തിനെതിരായുള്ള ശ്രമത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ഓണ്‍ലൈന്‍ ട്യൂഷന്‍ പ്ലാറ്റ്ഫോമിന്റെ യൂട്യൂബ് ചാനലിലാണ് പരീക്ഷയുടെ തലേന്ന് ചോദ്യങ്ങളുടെ മാതൃക പുറത്തുവന്നത്. വ്യാഴാഴ്ചയായിരുന്നു പ്ലസ് വണ്‍ കണക്ക് പരീക്ഷ. പരീക്ഷയ്ക്കുവന്ന 23 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ബുധനാഴ്ച രാത്രി സ്വകാര്യ ഓണ്‍ലൈന്‍ ട്യൂഷന്‍ പ്ലാറ്റ്ഫോമിലൂടെയാണ് പുറത്തുവന്നത്.

