കോതമംഗലം: കുട്ടമ്പുഴയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്നു യുഡിഎഫ് ഹര്‍ത്താല്‍. വന്യമൃഗ ശല്യം തടയാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കോതമംഗലം ഡിഎഫ്ഒ ഓഫിസിലേക്കു പ്രതിഷേധ റാലിയും നടക്കും.
ക്ണാച്ചേരി സ്വദേശി കൊടിയാട്ട് എല്‍ദോസ് (45) ആണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. ജോലി കഴിഞ്ഞ് ബസില്‍ വന്നിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് കാട്ടാന എല്‍ദോസിനെ ആക്രമിച്ചത്. ഉരുളന്തണ്ണി ഫോറസ്റ്റ് സ്റ്റേഷന് അരകിലോമീറ്റര്‍ അകലെയാണ് സംഭവം.
സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും വനംവകുപ്പ് വേണ്ടരീതിയില്‍ നടപടികള്‍ എടുത്തില്ല എന്നാണ് നാട്ടുകാരുടെ ആരോപണം.
