കൊച്ചി: വയനാട് ദുരന്തത്തെതുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ എയര്‍ലിഫ്റ്റ് ചെയ്തതിന്റെ പണം ചോദിച്ച കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.കേന്ദ്രം ചോദിച്ച 132.62 കോടി രൂപയില്‍ 13 കോടി മാത്രമാണ് ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന് ചെലവായതെന്നും 8 വര്‍ഷം മുന്‍പ് വരെയുള്ള ബില്ലുകള്‍ എന്തിനാണ് ഇപ്പോള്‍ നല്‍കിയതെന്നും കോടതി ചോദിച്ചു.
വ്യോമസേന സമര്‍പ്പിച്ച 132 കോടി 62 ലക്ഷംരൂപയുടെ ബില്‍ പരിശോധിച്ചശേഷമായിരുന്നു കോടതിയുടെ വിമര്‍ശനം. ആദ്യത്തെ ബില്‍ വരുന്നത് 2006ല്‍ ആണ്.
പിന്നെയുള്ളത് 2008, 2016, 2017 തുടങ്ങിയ വിവിധ ദുരന്തങ്ങളിലുള്ളതാണ്. പല ദുരന്തങ്ങളും നടന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞ് തുക തിരികെ ചോദിക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
ചൂരല്‍മല- മുണ്ടക്കൈ പോലുള്ള വലിയ ദുരന്തങ്ങള്‍ കഴിഞ്ഞ നില്‍ക്കുന്ന സമയത്താണോ ഇവയെല്ലാം സമര്‍പ്പിക്കുന്നതെന്ന് ചോദിച്ച കോടതി ഈ വിഷയത്തില്‍ കൃത്യമായ വിശദീകരണം നല്‍കാനും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എയര്‍ലിഫ്റ്റിന്റെ തുക കേന്ദ്രത്തിന് തിരികെ നല്‍കുന്നതിന് പകരം ആ തുക വയനാടിന്റെ പുനരധിവാസത്തിനായി ചെലവഴിക്കുന്നതല്ലേ നല്ലതെന്നും കോടതി ചോദിക്കുകയുണ്ടായി.
വിഷയം പരിശോധിച്ചതിന് ശേഷം മറുപടി നല്‍കാണെന്നാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

