തിരുവനന്തപുരം: ഗുരുതര ആരോപണങ്ങളിലടക്കം അന്വേഷണം നേരിടുന്നതിനിടെ എഡിജിപി എം.ആര്‍.അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്‌ക്രീനിങ് കമ്മിറ്റി ശിപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. ഈയിടെ ചേര്‍ന്ന ഐപിഎസ് സ്‌ക്രീനിംഗ് കമ്മിറ്റി അജിത്കുമാറിന്റെ സ്ഥാനക്കയറ്റത്തിന് അനുമതി നല്‍കിയിരുന്നു. യുപിഎസ്സി ആണ് വിഷയത്തില്‍ അന്തിമതീരുമാനം എടുക്കുക.
അന്വേഷണം നേരിടുന്നത് സ്ഥാനക്കയറ്റത്തിന് തടസ്സമല്ലെന്നായിരുന്നു ശിപാര്‍ശയില്‍ സൂചിപ്പിച്ചത്. 2025 ജൂലൈ ഒന്നിന് ഒഴിവുവരുന്ന മുറക്ക് അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കും. ഇപ്പോള്‍ നടക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് എതിരാവുകയാണെങ്കില്‍ സ്ഥാനക്കയറ്റിന് തടസ്സമാവും. എന്നാല്‍ നിലവിലെ അന്വേഷണത്തില്‍ അജിത് കുമാറിന് ഒരു മെമ്മോ പോലും നല്‍കാത്ത സാഹചര്യത്തില്‍ സ്ഥാനക്കയറ്റം നല്‍കുന്നതില്‍ തടസ്സമില്ലെന്നായിരുന്നു സുപ്രീംകോടതി വിധികളടക്കംചൂണ്ടിക്കാട്ടി സ്‌ക്രീനിങ് കമ്മിറ്റിയുടെ ശിപാര്‍ശ.
തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം എന്നീ വിഷയങ്ങളില്‍ നിലവില്‍ അജിത്കുമാര്‍ അന്വേഷണം നേരിടുകയാണ്.
