ഇടുക്കി: കട്ടപ്പനയിലെ സഹകരണ സൊസൈറ്റിയില്‍ നിന്ന് നിക്ഷേപത്തുക ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകന് സാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജാമോള്‍ ജോസ്, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയി തോമസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ബോര്‍ഡ് മീറ്റിംഗ് കൂടിയാണ് സസ്പെന്ഷന് തീരുമാനിച്ചത്.
ഭാര്യയുടെ ചികിത്സയ്ക്കായാണ് ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ബാങ്ക് ജീവനക്കാര്‍ പണം നല്കാന് തയ്യാറായില്ലെന്നും തന്നെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ആണെന്നും കത്തില്‍ ഉണ്ടായിരുന്നു.

