പത്തനംതിട്ട: തിരുവല്ല കുമ്പനാട് കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്ക്. കുമ്പനാട് എക്‌സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. പതിനഞ്ച് ആളുകളുള്ള അക്രമി സംഘമാണ് കരോള്‍ സംഘത്തെ ആക്രമിച്ചത്. അകാരണമായി ആക്രമിക്കുകയായിരുന്നുവെന്നാണ് കരോള്‍ സംഘത്തിലുണ്ടായിരുന്നവര്‍ പറയുന്നു.
രാത്രി 1.30 ഓടുകൂടിയാണ് സംഭവം. വീടുകള്‍ തോറും സന്ദര്‍ശിക്കുന്നതിനിടെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. സ്ത്രീകള്‍ക്കും പാസ്റ്റര്‍ അടക്കമുള്ളയാളുകള്‍ക്കും പരിക്കേറ്റു. പ്രദേശവാസികളായ ചിലര്‍ തന്നെയാണ് പ്രശ്നമുണ്ടാക്കിയതെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.
