കോഴിക്കോട്: മലയാളത്തിന്റെ മഹത്തായ എഴുത്തുക്കാരന് എംടി വാസുദേവന്‍ നായര്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഇന്ന് രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം.
നോവലിസ്റ്റ്,തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍, സാഹിത്യകാരന്, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി. വാസുദേവന്‍ നായര്‍ മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു. അദ്ധ്യാപകന്, പത്രാധിപന്, എന്നീ നിലകളിലും പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷണ്‍, ജ്ഞാനപീഠം എഴുത്തച്ഛന് പുരസ്കാരം, ജെസി ഡാനിയല്‍ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം ,കേരള നിയമസഭ പുരസ്കാരം മുതലായ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
പുന്നയൂര്‍ക്കുളത്തുക്കാരനായ ടി നാരായണന് നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായിട്ടാണ് ജനനം. തൃശൂര്‍ ജില്ലയിലെ പൂന്നയൂര്‍ക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പക്കാലം ചെലവഴിച്ചത്.
കോപ്പന് മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്ക്കൂളിലും കുമരനെല്ലൂര്‍ ഹൈസ്ക്കൂളിലും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജില്‍ ഉപരിപഠനം. ഒരു ജോലി ലഭിക്കാനുള്ള സാധ്യത പരിഗണിച്ച് രസതന്ത്രമായിരുന്നു ഐച്ഛിക വിഷയമായിട്ടെടുത്തത്. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഒന്ന് രണ്ട് സ്ക്കൂളുകളില്‍ അധ്യാപകനായി ജോലി ചെയ്തു.
1957ല്‍ മാതൃഭൂമിയില്‍ സബ്എഡിറ്ററായി ജോലിയില്‍ പ്രവേശിച്ച എം.ടി. 1968ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. 1981ല്‍ ആ സ്ഥാനം രാജിവെച്ചു. 1989ല്‍ പീരിയോഡിക്കല്‍സ് എഡിറ്റര്‍ എന്ന പദവിയില്‍ തിരികെ മാതൃഭൂമിയില്‍ എത്തി. മാതൃഭൂമിയില്‍ നിന്നു വിരമിച്ച ശേഷം കേരളസാഹിത്യഅക്കാദമിയുടെ അധ്യക്ഷനായും പിന്നീട് തുഞ്ചന്‍ സ്മാരകസമിതിയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചു. നിലവില്‍ തുഞ്ചന്‍ സ്മാരകസമിതിയുടെ അധ്യക്ഷനാണ് അദ്ദേഹം.
നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യു.എസില്‍ ബിസിനസ് എക്സിക്യുട്ടീവായ സിതാര, നര്‍ത്തകിയും സംവിധായികയുമായ അശ്വതി എന്നിവര്‍ മക്കളാണ്. മരുമക്കള്‍: സഞജയ് ഗിര്‍മേ, ശ്രീകാന്ത് നടരാജന്. അധ്യാപികയും വിവര്‍ത്തകയുമായിരുന്ന പരേതയായ പ്രമീള നായര്‍ ആദ്യഭാര്യ. സംസ്കാരം വ്യാഴാഴ്ച കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.
