കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ താന്‍ ഏറെ ദുഃഖിതനാണെന്ന് സാഹിത്യകാരന്‍ ടി. പത്മനാഭന്‍.എം ടിയുടേത് നികത്താനാകാത്ത നഷ്ടമാണെന്ന് ടി പത്മനാഭന്‍ പറഞ്ഞു. വിതുമ്പിക്കൊണ്ടായിരുന്നു ടി പത്മനാഭന്റെ പ്രതികരണം.
വളരെ ചെറുപ്പത്തില്‍ തന്നെ എം.ടിയെ പരിചയമുണ്ട്. പാലക്കാട് വിക്ടോറിയ കോളേജില്‍ പഠിക്കുന്ന കാലം തൊട്ട് ആ പരിചയമുണ്ട്. അക്കാലത്ത് അദ്ദേഹത്തോടൊപ്പം ഒരേ കട്ടിലില്‍ കിടന്നുറങ്ങിയ ഓര്‍മ എന്നും എനിക്കുണ്ടാവുമെന്നും ടി പത്മനാഭന്‍ പറഞ്ഞു.
എന്നേക്കാള്‍ മൂന്നോ നാലോ വയസ് കുറവാണ് എം.ടിയ്ക്ക്. എങ്കിലും ഞങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. അത് ഏറിയും കുറഞ്ഞും ഈ കാലമത്രയും നില നില്‍ക്കുകയും ചെയ്തിരുന്നു.
ഏതായാലും ഈയൊരു വിയോഗം നമ്മളെയെല്ലാം സംബന്ധിച്ചിടത്തോളം അകാല വിയോഗം എന്ന് തന്നെ പറയാം. ‘ആ നഷ്ടം അടുത്തകാലത്തൊന്നും നികത്താന്‍ കഴിയില്ലെന്നും അദ്ദേഹത്തിന്റെ ആത്മാവിന് ഞാന്‍ നിത്യശാന്തി നേരുന്നു.’- ടി. പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.
