കോഴിക്കോട്: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്മോഹന് സിങ്ങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സന്ദീപ് വാര്യര്‍. നാമിന്ന് കാണുന്ന ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് ആരാണെന്ന് ചോദിച്ചാല്‍ അതിനൊരു ഉത്തരമേയുള്ളൂ അതാണ് മന്മോഹന് സിങ് എന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ്;
സിംഗ് ഈസ് കിംഗ്… ഇന്ത്യ യുഎസ് ആണവ കരാര്‍ സഖ്യകക്ഷികളായ ഇടത് സമ്മര്‍ദ്ദത്തിന് വഴങ്ങാതെ യാഥാര്‍ത്ഥ്യമാക്കിയ പ്രധാനമന്ത്രി മന്മോഹന് സിംഗിനെ ലോകമാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് അപ്രകാരമായിരുന്നു. ശരിക്കും ജനഹൃദയങ്ങളില്‍ അക്കാലത്ത് സിംഗ് കിംഗ് ആയിരുന്നു.
ഒരാഴ്ചത്തെ ആവശ്യത്തിനുള്ള വിദേശ കരുതല്‍ നിക്ഷേപം പോലുമില്ലാതെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വിറങ്ങലിച്ചു നിന്ന തൊണ്ണൂറുകളില്‍ ലിബറലൈസേഷന്, പ്രൈവറ്റൈസേഷന്‍, ഗ്ലോബലൈസേഷന് എന്നീ മന്ത്രങ്ങളിലൂടെ കൈപിടിച്ചുയര്‍ത്തിയ മാന്ത്രികന് തന്നെയായിരുന്നു സിംഗ്.
അക്കാലത്ത് മന്‍മോഹന്‍സിംഗിന്റെ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന ഇടത്, ബിജെപി പാര്‍ട്ടികള്‍ക്കും പിന്നീട് അവരുടെ നിലപാടുകള്‍ തിരുത്തേണ്ടി വന്നത് ചരിത്രം. നാമിന്നു കാണുന്ന ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് ആരാണെന്ന് ചോദിച്ചാല്‍ അതിനൊരു ഉത്തരമേയുള്ളൂ .. അതാണ് മന്മോഹന് സിംഗ്. ആദരാഞ്ജലികള്‍

