കൊച്ചി: വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി.എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് സര്‍ക്കാരിന് ആശ്വാസമാകുന്നതും ദുരന്തബാധിതര്‍ക്ക് പ്രതീക്ഷയുമാകുന്ന സുപ്രധാന വിധി ഹൈക്കോടതി പുറത്തിറക്കിയത്. എസ്റ്റേറ്റ് ഭൂമികള്‍ക്ക് നഷ്ടപരിഹാരം നല്‍കികൊണ്ട് ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
എല്‍സ്റ്റണ്‍, ഹാരിസണ്‍ എസ്റ്റേറ്റുകള്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്.
നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകള്‍ക്ക് നല്‍കണമെന്നും ടൗണ്‍ഷിപ്പ് ആയി എസ്റ്റേറ്റ് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് സര്‍ക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്നും, നഷ്ടപരിഹാരത്തില്‍ തര്‍ക്കം ഉണ്ടെങ്കില്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.
ഈ വിധിക്കാണ് സര്‍ക്കാര്‍ കാത്തുനിന്നതെന്നും അനുകൂലമായ വിധി വന്ന സ്ഥിതിക്ക് ടൗണ്‍ഷിപ്പിനായി നടപടി തുടരുമെന്ന് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു.

