കോഴിക്കോട് : ചേളന്നൂര്‍ പോഴിക്കാവില്‍ ദേശീയ പാതയ്ക്കായി കുന്നിടിച്ചു മണ്ണെടുപ്പ് നടത്തുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധമാര്‍ച്ച്. കനത്ത പോലീസ് കാവലില്‍ മണ്ണെടുപ്പ് നടക്കുന്ന സ്ഥലത്തേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്. പോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റം നടന്നു. സമരം നയിച്ച സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് കുമാറിനെ പൊലീസ് വലിച്ചിഴച്ചു. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.
ഒരുപാട് കുടുംബങ്ങള്‍ താമസിക്കുന്ന ഇടമായതു കൊണ്ട് ഇത് നാട്ടുകാരെ ബാധിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനെതിരെ ഇന്ന് നാട്ടുകാര്‍ സംഘടിച്ചെത്തി ലോറി തടയുകയാണ് ചെയ്തത്. കൂടുതല്‍ പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ത്രീകളടക്കം നിരവധി നാട്ടുകാരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ലോറി കയറ്റി വിടില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍.
പോഴിക്കാവില്‍ നടക്കുന്ന അശാസ്ത്രീയ മണ്ണെടുപ്പിനെതിരെ കഴിഞ്ഞ കുറച്ചുനാളുകളായി നാട്ടുകാരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമാണ്. ജിയോളജിക്കല്‍ സര്‍വേയുടെ നോട്ടീസ് ഉണ്ടെങ്കില്‍ പോലും അതിനെ അനുമതിയായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വലിയ മഴയുണ്ടായാല്‍ നാട് ഒന്നടങ്കം ഒലിച്ചുപോകുന്ന തരത്തില്‍ മണ്ണെടുപ്പ് ഭീഷണിയാണെന്നും നാട്ടുകാര്‍ പറയുന്നു.

