തൊടുപുഴ: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വണ്ണപ്പുറം മുള്ളരിങ്ങാട് അമയല്‍തൊട്ടിയില്‍ പാലിയത്ത് ഇബ്രാഹീമിന്റെ മകന്‍ അമര്‍ ഇബ്രാഹിമിന്റെ മൃതദേഹം ഇന്ന് ഒമ്പത് മണിയോടെ മുള്ളരിങ്ങാട് ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഇന്ന് പുലര്‍ച്ചയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി അമറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്.
കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ ഹര്‍ത്താല്‍ നടത്തുകയാണ്.
വീടിന് സമീപമുള്ള തേക്കിന്‍കൂപ്പില്‍ മേയാന്‍ വിട്ടിരുന്ന പശുവിനെ വീട്ടിലേക്ക് കൊണ്ടുവരാനാണ് അമറും സുഹൃത്ത് മന്‍സൂറും വൈകീട്ട് മൂന്നോടെ അവിടെയെത്തിയത്. ഇഞ്ചക്കാട്ടില്‍നിന്ന രണ്ട് ആനകള്‍ ഇവര്‍ക്കുനേരെ പാഞ്ഞടുത്തു. ചിതറിയോടുന്നതിനിടെ അമറിനെ കാട്ടാന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്ത് മന്‍സൂറിനുനേരെയും ആന ഓടിയെത്തി. ആനയുടെ കാലുകള്‍ക്കിടയില്‍നിന്ന് തലനാരിഴക്കാണ് മന്‍സൂര്‍ രക്ഷപ്പെട്ടത്. ഇയാളുടെ വലതുകാലിന് ഒടിവുണ്ട്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വനംവകുപ്പിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ആശുപത്രി പരിസരത്ത് ഡീന്‍ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മൃതദേഹം സൂക്ഷിച്ച മോര്‍ച്ചറിക്ക് മുന്നില്‍ രാത്രി വൈകിയും കുത്തിയിരിപ്പ് സമരം തുടര്‍ന്നു.

