കൊച്ചി: കലൂരിലെ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എം.എല്‍.എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരേ പോലീസ് കേസെടുത്തു. മൃദംഗമിഷനും സ്റ്റേജ് നിര്‍മിച്ചവര്‍ക്കുമെതിരേയാണ് കേസ്. പാലാവരിവട്ടം പോലീസാണ് കേസെടുത്തത്. ജീവന് ഭീഷണി ഉണ്ടാകും വിധം അപകടകരമായി സ്റ്റേജ് നിര്‍മിച്ചതിനാണ് കേസ്. പൊതുസുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയതിനും കേസുണ്ട്.
ഇന്നലെ രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. പതിനൊന്ന് അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചിരുന്നത്. 55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിലാണ് കസേരകള്‍ ഇടാന്‍ സ്ഥലമൊരുക്കിയത്. ദുര്‍ബലമായ ക്യൂ ബാരിയേര്‍ഡ് ഉപയോഗിച്ചായിരുന്നു മുകളില്‍ കൈവരി ഒരുക്കിയിരുന്നത്. ഇത് സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിജിപിയുടെ ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
