എംഎല്‍എ ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; മന്ത്രി പി. രാജീവ്

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയില്‍ നിന്ന് താഴേക്ക് വീണ് പരിക്കേറ്റ എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മന്ത്രി പി രാജീവ്. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘത്തോട് സംസാരിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.

”രാവിലെ സി.ടി സ്‌കാന്‍ ചെയ്യാന്‍ ഉമാ തോമസിനെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. സിടി സ്‌കാന്‍ ചെയ്ത ശേഷമാകും ഇപ്പോഴത്തെ ചികിത്സ തന്നെ തുടരുകയാണോ അതോ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് ഡോക്ടര്‍മാര്‍ തീരുമാനിക്കുക. ആശുപത്രിയിലേക്ക് കൊണ്ടുവന്നതിനേക്കാളും മെച്ചപ്പെട്ട സ്ഥിതിയിലാണ് ഇപ്പോഴുള്ളത്. മറ്റ് കാര്യങ്ങള്‍ സംബന്ധിച്ച് സിടി സ്‌കാന്‍ ചെയ്ത ശേഷം മെഡിക്കല്‍ ബുള്ളറ്റിന്‍ ആശുപത്രി പുറത്തിറക്കും. ഒരു ശസ്ത്രക്രിയ വേണ്ടതില്ല എന്ന നിലപാടു തന്നെയാണ് കോട്ടയത്തെയും ഇവിടത്തെയും ഒപ്പം ബന്ധപ്പെട്ട വിദഗ്ധ ഡോക്ടര്‍മാരുടെയും അഭിപ്രായം. എങ്കിലും കുറച്ചുസമയത്തേക്കുകൂടി വെന്റിലേറ്ററിന്റെ പിന്തുണ വേണ്ടിവരും. അഞ്ചംഗ വിദഗ്ധ സംഘം നിരീക്ഷണം തുടരും. കഴിഞ്ഞ ദിവസം ആശങ്കപ്പെട്ടതുപോലെയുള്ള ഒരു അവസ്ഥ ഇന്നില്ല. തുടക്കത്തില്‍ അതീവ ഗുരുതരാവസ്ഥയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ ആ സാഹചര്യമില്ല.”മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *